Pages

Saturday, August 8, 2009

' കേഴുന്ന കേരളത്തിന് കൊടപ്പനക്കലെ താരാട്ട്. '

മാനവ സമൂഹത്തിന്ന് വഴിവെളിച്ചം കാട്ടിയ സയ്യിദ് ശ്രേണിയിലെ ഒരു കണ്ണികൂടി അടർന്നു പോയിരിക്കുന്നു. കണ്ണുകൾക്ക് കുളിർമയും കാതുകൾക്ക് ഇമ്പവുമേകി മാനവർക്ക് വഴികാട്ടിയായി നിലാവ് പരത്തിയ കൊടപ്പനക്കലെ ചന്ദ്രിക കണ്ണ് ചിമ്മിയപ്പോൾ അക്ഷരാർത്തത്തിൽ കേരളം ഇരുട്ടിലായി.

മരണവാർത്തയറിയുമ്പോൾ ഞെട്ടുന്ന പതിവ് ഞെട്ടലുകാരൊക്കെ ശരിക്കും ഞെട്ടിയ നിമിഷങ്ങളിൽ നിന്ന് മോചിതരാകാൻ അല്പസമയമെടുത്തു എന്നത് നേര്. നേരിന്റെ വഴികളും ലാളിത്യത്തിന്റെ പുഞ്ചിരിയും മിതത്വത്തിന്റെ അർത്ഥവും നൽകി ആത്മീയതയേതയും ഭൌതികതയേയും ഒരു ചരടിൽ കോർത്ത് മാനവസമൂഹത്തിന്നാകമാനം സ്വീകാര്യനായ ഒരു നേതാവും ഈ അരനൂറ്റാണ്ടിനിടക്ക് നമുക്കുണ്ടായിട്ടില്ല .

മൈതാന പ്രസംഗങ്ങളിൽ മണൽതരികളെപ്പോലും കോരിത്തരിപ്പിച്ച വാഗ്മികൾക്ക് ആത്മാർത്ഥമായി കണ്ഠംമിടറുകയും വാക്കുകൾ നഷ്ടമാവുകയും ചെയ്ത ഒരു ദേഹവിയോഗത്തിനും ഇതിന് മുമ്പ് കേരളം സാക്ഷിയായിട്ടില്ലാ എന്നാണ് എനിക്ക് തോന്നുന്നത്. നിറഞ്ഞ കണ്ണുകളും വിതുമ്പുന്ന ചുണ്ടുകളുമായി ആ സ്നേഹ ചന്ദ്രികക്ക് ചുറ്റുമുണ്ടായിരുന്ന താരകങ്ങൾ ഇമപൂട്ടാനാകാതെ വിഷണ്ണരായി നിന്ന കാഴ്ച ഏറെ മനോവേദനയുണ്ടാക്കുകയും ചെയ്തു.

ശിഹാബ് തങ്ങളുടെ ദർശനങ്ങളെ നെഞ്ചിലേറ്റി പ്രവാസത്തിന്റെ പ്രയാസത്തിലും ആശ്വാസം കൊള്ളുന്ന, തങ്ങൾ പടുത്തുയർത്തിയ പ്രവാസി പ്രസ്ഥാനങ്ങളുടെ ആസ്ഥാനങ്ങളിൽ നിന്നുയർന്ന നെടുവീർപ്പുകൾ കൂട്ടക്കരച്ചിലായി മാറിയത് പെടുന്നനെയായിരുന്നു. നാടും വീടും വിട്ടൊഴിഞ്ഞ് പ്രവാസത്തിന്റെ മധുരവും കൈപ്പും രുചിച്ച ആയിരങ്ങൾ ആത്മ വിശ്വാസത്തോടെ അന്തിയുറങ്ങിയിരുന്നത് മതമൈത്രിക്ക്‌വേണ്ടി ജീവിതം സമർപ്പിച്ച ആ മഹാനുഭാവന്റെ താരാട്ട് പാട്ട് കേട്ട് കൊണ്ടായിരുന്നു എന്നതാണ് വാസ്തവം.

കേരള പൂമുഖത്തേക്ക് വർഗ്ഗീയതയുടെ എല്ലുകഷ്ണങ്ങളെറിഞ്ഞ നശീകരണശക്തികളുടെ കുതന്ത്രങ്ങളെ തിരിച്ചറിഞ്ഞ് കേരള ജനതയെ ജാതി ഭേദമന്യേ മാറോടണച്ച് സാന്ത്വനത്തിന്റെ താരാട്ട് പാടി ആശ്വസിപ്പിക്കാൻ പ്രവാചക പരമ്പരയിലെ കൊടപ്പനക്കൽ തറവാട്ടിലെ കാരണവർക്കല്ലാതെ മറ്റാർക്കും കഴിയുകയില്ല എന്ന് നന്നായി അറിയാവുന്നവരാണ് പ്രവാസികൾ. അത് കൊണ്ട് തന്നെ ആമഹനീയമായ കരങ്ങളിൽ ഭദ്രമാണ് ഞങ്ങളുടെ ഉറ്റവരും ഉടയവരുമെന്ന വിശ്വാസത്തിലായിരുന്നു അവരുടെ രാപകലുകളും .

നിസ്വാര്‍ത്ഥ സേവനത്തിന്റെ കുലപതിയായി തിളങ്ങിയ ആ മഹാന്റെ വിയോഗത്തിൽ അന്താളിച്ച് പോയത് അദ്ദേഹത്തിന്റെ പ്രസ്ഥാന സാരഥികളും അനുയായികളും മാത്രമായിരുന്നില്ല . മനുഷ്യ സമൂഹത്തിന്നിടയിൽ നഷ്ടമായിക്കൊണ്ടിരിക്കുന്ന സ്നേഹവും സാഹോദര്യവും കരുണയും കാരുണ്യവും കാംക്ഷിക്കുന്ന നിരാലംബരുമുണ്ടായിരുന്നു. ഒരു തലോടൽ കൊണ്ട് , ഒരു പുഞ്ചിരിയിലൊതുങ്ങിയ നോട്ടം കൊണ്ട് ആശ്വാസം കണ്ടെത്തുന്ന ആയിരങ്ങളുടെ അവസാനവാക്കും അഭയവുമായിരുന്നു പടിപ്പുരയും പാറാവുകാരുമില്ലാത്ത കൊടപ്പനക്കലെ കാരണവരായ ശിഹാബ് തങ്ങളെന്ന പൂങ്കരൾകനി.

ഇനിയെന്ത് എന്ന ചോദ്യചിഹ്നവും അനാഥത്വവും പേറി ഒരു പ്രസ്ഥാനം തന്നെ ഇരുട്ടിൽ തപ്പിയ ദിവസവും കൂടിയായിരുന്നു ശ‌അബാൻ മാസം 10. നിനച്ചിരിക്കാതെ അകാലത്തിൽ പൊലിഞ്ഞ ജനനായകന്റെ ചേതനയറ്റ ശരീരത്തിനരികിലിരുന്നു ‘ എല്ലാം പോയില്ലെ , ഞങ്ങൾ അനാഥരായില്ലെ ’ എന്ന് വിലപിച്ചത് മുസ്ലിം ലീഗിന്റെ പുലിക്കുട്ടിയായിരുന്നു . വീശിയടിച്ചകാറ്റിലും കോളിലും തളരാതെ പതറാതെ പ്രസ്ഥാനത്തിന്റെ അമരത്തിരുന്ന് പങ്കായം തുഴഞ്ഞ തന്ത്രശാലിക്ക് പോലും അനുയായികൾക്ക് ആശ്വാസവാക്കുകൾ പകർന്നുകൊടുക്കാനായില്ല എന്നത് വാസ്തവം. സ്വയം ആശ്വസിക്കാനും ആശ്വസിപ്പിക്കാനുമാകാതെ തളർന്നിരുന്ന ETയും പൊട്ടിക്കരഞ്ഞ അഹമ്മദ് സാഹിബും മുനീറുമൊക്കെ തിങ്ങിക്കൂടിയവരുടെ വേദനയായി മാറുകയായിരുന്നു.

ഇന്ത്യൻ സ്വാതന്ത്ര്യ ലബ്ധി , അനന്തരമുള്ള മുസ്ലിം ലീഗിന്റെ പ്രസിഡന്റ് പദവിയിൽ ശിഹാബ് തങ്ങളായിരുന്നെങ്കിൽ ഒരുപക്ഷെ ഇന്ത്യാവിഭജനം പോലും തടയപ്പെടുമായിരുന്നു എന്ന് നിരീക്ഷിച്ച രാഷ്ട്രീയ നേതാക്കൾ ശിഹാബ് തങ്ങളുടെ യശസ്സിനെ ഉയർത്തിക്കാട്ടി എന്ന് മാത്രമല്ല വർഗ്ഗീയ കോമരങ്ങൾക്ക് ഉറഞ്ഞ് തുള്ളാൻ ഇടം അനുവദിക്കാതെ കേരളത്തെ രക്ഷിക്കുവാൻ പ്രവാചക പരമ്പരയിൽ നിന്നുദിച്ച പൂർണചന്ദ്രനെ കഴിയൂ എന്നുകൂടി നിരീക്ഷിക്കുകയുണ്ടായി.

വേഷഭൂഷാദികളില്ലാതെ ആതമീയതയുടെ ഉന്നതിയിലിരുന്ന് ഭൌതികവും ആത്മീയവുമായ ദർശനം കൊടുക്കാനും മാനവർക്ക് മാതൃകയാകുവാനും ആമഹാനുഭാവന്ന് കഴിഞ്ഞു എന്നത് കേവലം മനുഷ്യന്റെ കഴിവിന്നും പരുധിക്കും അപ്പുറത്തായിരുന്നു എന്നും വിലയിരുത്തപ്പെട്ടു. നിസ്തുല്യ സേവകന്റെ ദർശനങ്ങളെയും ആശ്വാസ വചനങ്ങളെയും അംഗീകരിക്കാൻ കൂട്ടാക്കാത്തവർക്ക്പോലും മാതൃകാ സരണിയായി വർത്തിക്കാൻ അദ്ദേഹത്തിന്ന് കഴിഞ്ഞു എന്ന് പറയുമ്പോൾ മനുഷ്യമനസ്സുകളിൽ ആഴ്ന്നിറങ്ങാൻ ഉതുങ്ങുന്ന മഹനീയമായ ഒരു പ്രകാശം അവിടുന്നുത്ഭവിച്ചിരുന്നു എന്ന് വേണം അനുമാനിക്കാൻ.

കേരളീയന്റെ ഖൽബ് കവർന്ന് ആശ്വാസം നിറച്ച ആ മഹത്മാവിന്റെ വിടവ് നികത്താൻ കൊടപ്പനക്കലെ മിനാരത്തിലേക്ക് ജനസഞ്ചയം ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണിന്ന്.അണഞ്ഞ് പോയ ആശ്വാസത്തിന്റെ പ്രഭ കൊടപ്പനക്കലെ മിനാരത്തിൽ നിന്ന് തന്നെ ഉദയം കൊണ്ടു എന്നത് ആത്മവിശ്വാസം നൽകുമെങ്കിലും അണഞ്ഞ് പോയ പ്രഭയുടെ തെളിച്ചം പകർന്ന് കിട്ടുന്നത്‌‌വരെ മാനവർക്ക് ആശ്വാസമുണ്ടാകില്ല എന്നതും എടുത്ത് പറയേണ്ടതാണ്.

പലജാതിയിലും, മതത്തിലും,വർണ്ണത്തിലും,വർഗ്ഗത്തിലും അന്തിയുറങ്ങുന്ന ഇന്ത്യൻ ജനതക്ക് തന്റെ നിദ്ര യഥാസമയം അങ്കലാപ്പില്ലാതെ,ഭയമില്ലാതെ പൂർത്തീകരിക്കാൻ കഴിയേണ്ടതുണ്ട്. അതിന്നുതുകുന്ന സംസ്കാരം നാം ഉണ്ടാക്കി എടുക്കേണ്ടതുമുണ്ട്. അത്തരത്തിലൊരു സംസ്കാരത്തിന്റെ താരാട്ട് പാട്ട് പാടിയാണ് ബഹുമന്ന്യനായ ശിഹാബ് തങ്ങൾ വിടപറഞ്ഞത് എന്നത് എക്കാലത്തും സ്മരണീയമനായിരിക്കും എന്നതോടൊപ്പം അദ്ദേഹം മതമൈത്രിക്ക് വേണ്ടി പാടിയ താരാട്ടിന്റെ ഈണവും ഇമ്പവുമായിരിക്കും മുസ്ലിം ലീഗെന്ന മാനത്തെ നക്ഷത്രങ്ങൾക്ക് നടുവിൽ പൂർണ ചന്ദ്രനായി തിളങ്ങുന്നത് എന്ന്കൂടി പറഞ്ഞ് അവസാനിപ്പിക്കട്ടെ..